Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:55 am
  • 24th July, 2021
  • Overcast Clouds
24.82°C24.82°C
  • Humidity: 90 %
  • Wind: 1.83 km/h

Breaking News

  • അനന്യയുടെ പങ്കാളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി   
  • ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നത് ആരാധനാലയങ്ങളെ ബാധിച്ചാൽ അത് ദൈവം പൊറുത്തുകൊള്ളുമെന്ന് ഹൈക്കോടതി. 
  •  സംസ്ഥാനത്ത് ഇന്ന് 17,518 പേർക്ക് കോവിഡ്    
i2i News Trivandrum

അണ്ഡാശയത്തിൽ കാൻസറാണെന്ന് ഡോക്ടർമാർ പറഞ്ഞതോടെ വിവാഹം കഴിഞ്ഞ് ഒരു വർഷം മാത്രമായ രേഷ്മയ്ക്കും (പേര് മാറ്റിയത്) ഭർത്താവിനും സ്വന്തം കുഞ്ഞെന്നത് വെറും സ്വപ്‌നം മാത്രമാകുമെന്നായിരുന്നു  തോന്നൽ. കാൻസർ ചികിത്സയുടെ ഭാഗമായി അണ്ഡാശയങ്ങൾ നീക്കം ചെയ്യേണ്ടി വരുമെന്ന് രേഷ്മയെ ചികിത്സിച്ച ആസ്റ്റർ മെഡ്‌സിറ്റിയിലെ ഡോക്ടർമാർ പറഞ്ഞപ്പോൾ അവരത് ഉറപ്പിച്ചു. എന്നാൽ ഇവരുടെ ആഗ്രഹം അറിഞ്ഞ ഡോക്ടർമാർ  അതിനൊരു പ്രതിവിധി നിർദ്ദേശിച്ചു. അങ്ങനെ കാൻസർ ചികിത്സയ്ക്ക് ശേഷം സുഖം പ്രാപിച്ച രേഷ്മ ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണത്തിലൂടെ  രണ്ട് വർഷത്തിന് ശേഷം കുഞ്ഞിന് ജന്മം നൽകി.  2018-ലാണ് അങ്കമാലി സ്വദേശി 28 കാരിയായ രേഷ്മ കടുത്ത വയറു വേദനയുമായി ആസ്റ്റർ മെഡ്‌സിറ്റിയിൽ എത്തിയത്. സ്‌കാനിങ്ങിൽ രണ്ട് അണ്ഡാശയങ്ങളിലും നിരവധി സിസ്റ്റുകൾ കണ്ടെത്തി. മാലിഗ്നന്റ് സ്ട്രുമ ഓവറൈ എന്ന അത്യപൂർവ തരം കാൻസർ മൂലമായിരുന്നു അണ്ഡാശയത്തിലെ സിസ്റ്റുകൾ. കാൻസർ അപ്പോൾ തന്നെ രേഷ്മയുടെ വയറിലാകെ പടർന്നിരുന്നു. അണ്ഡാശയങ്ങൾക്ക് പുറമേ തൈറോയ്ഡ് ഗ്രന്ഥി, അപ്പെൻഡിക്‌സ് എന്നിവ നീക്കം ചെയ്ത് അയഡിൻ തെറാപ്പി ചികിത്സയാണ് ഡോക്ടർമാർ രേഷ്മയ്ക്ക് നിർദ്ദേശിച്ചത്.

അണ്ഡാശയങ്ങൾ നീക്കം ചെയ്തു കഴിഞ്ഞാൽ പിന്നെ രേഷ്മയ്ക്ക് ഗർഭം ധരിക്കാനാകില്ല എന്ന കാര്യം ബോധ്യപ്പെട്ടതോടെയാണ് ഡോക്ടർമാരുടെ നിർദ്ദേശത്തിൽ കാൻസർ ചികിത്സയ്ക്ക് ശേഷം ഫ്രോസൺ എംബ്രിയോ ഉപയോഗിച്ച് ഗർഭധാരണം നടത്താൻ തീരുമാനിച്ചത്. അണ്ഡാശയം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് മുമ്പ് തന്നെ രേഷ്മയുടെ അണ്ഡം പുറത്തെടുത്ത് ഐവിഎഫ്, ഐസിഎസ്‌ഐ രീതികളിലൂടെ ഭർത്താവിന്റെ ബീജവുമായി സങ്കലനം നടത്തി ഭ്രൂണത്തെ പിന്നീട് ഉപയോഗിക്കുന്നതിനായി ശീതീകരിച്ച് സൂക്ഷിക്കുക എന്നതായിരുന്നു അത്. അണ്ഡാശയത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമേ രോഗഗ്രസ്ഥമല്ലാതെ ഉണ്ടായിരുന്നുള്ളു എന്നത് കൊണ്ട് തന്നെ പ്രക്രിയ അത്ര എളുപ്പമായിരുന്നില്ലെന്ന് ആസ്റ്റർ മെഡ്‌സിറ്റിയിലെ ഗൈനക്കോളജി സീനിയർ കൺസൾട്ടന്റും ഐവിഎഫ് വിഭാഗം മേധാവിയുമായ ഡോ. ഷമീമ അൻവർസാദത്ത് പറഞ്ഞു. ഇത്തരം കാൻസറുകളിൽ സമാനമായ കേസുകൾക്കായി മെഡിക്കൽ ജേണലുകൾ എല്ലാം തന്നെ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്നും അവർ വ്യക്തമാക്കി.

10 ദിവസത്തെ ചികിത്സയെ തുടർന്ന് ലഭിച്ച അണ്ഡങ്ങൾ ഐസിഎസ്‌ഐ പ്രക്രിയയ്ക്ക് ശേഷം ഭ്രൂണങ്ങളായി വികസിപ്പിച്ച് ശീതീകരിച്ച് സൂക്ഷിച്ചു. അടുത്ത ദിവസം തന്നെ രേഷ്മയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും തുടർന്ന് ആറ് മാസം നീളുന്ന അയഡിൻ ചികിത്സ ആരംഭിക്കുകയും ചെയ്തു. ചികിത്സയ്ക്ക് ശേഷം കാൻസർ മുക്തമായി ഒന്നര വർഷത്തിന് ശേഷം ഹോർമോണുകളുടെ അഭാവം മൂലം രേഷ്മയുടെ ഗർഭപാത്രം ആർത്തവവിരാമ ഘട്ടത്തിലെ വലിപ്പത്തിലേക്ക് ചുരുങ്ങിയിരുന്നു. ഹോർമോൺ ചികിത്സയിലൂടെ ഗർഭപാത്രം സാധാരണ നിലയിലായതിന് ശേഷമാണ് രണ്ട് ഭ്രൂണങ്ങൾ അതിലേക്ക് മാറ്റിയത്. 2021 ഏപ്രിൽ 10-ന് രേഷ്മ ആരോഗ്യമുള്ള ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ഓങ്കോളജി, എൻഡോക്രൈനോളജി, ന്യുക്ലിയർ മെഡിസിൻ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരാണ് രേഷ്മയുടെ ചികിത്സയ്ക്ക് നേതൃത്വം നൽകിയത്.

ചെറുപ്രായത്തിലുള്ള കാൻസറുകൾ കൂടി വരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. മിക്ക കാൻസറുകളും പൂർണമായും ചികിത്സിച്ച് ഭേദമാക്കാവുന്നതുമാണ്. എന്നാൽ കാൻസർ ചികിത്സ പലപ്പോഴും പ്രത്യുൽപാദനശേഷിയെ ദോഷകരമായി ബാധിക്കാം. അതുകൊണ്ട് തന്നെ കാൻസർ ചികിത്സ ആരംഭിക്കുന്നതിന് മുമ്പ് പ്രത്യുൽപാദന ശേഷി നിലനിർത്തുന്നതിനുള്ള മാർഗങ്ങൾ മനസിലാക്കുകയും തക്ക സമയത്ത് കൃത്യമായ തീരുമാനം എടുക്കുന്നതും പിന്നീടുള്ള ജീവിതത്തിൽ വലിയൊരു മുതൽക്കൂട്ടാകുമെന്നും ഡോ. ഷമീമ കൂട്ടിച്ചേർത്തു.

Readers Comment

Add a Comment